ഇന്ത്യ-യു.എസ് വ്യാപാര കരാറിനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് കർഷക സംഘടനകൾ ഇന്ന് ദില്ലിയിൽ വൻ റാലി സംഘടിപ്പിക്കും. ‘ദേശ് ബച്ചാവോ മോർച്ച’യുടെ നേതൃത്വത്തിൽ കിസാൻ ഘട്ടിൽ നടക്കുന്ന പ്രതിഷേധത്തിൽ പഞ്ചാബ്, ഹരിയാന, ഹിമാചൽ പ്രദേശ്, രാജസ്ഥാൻ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്നായി പതിനായിരക്കണക്കിന് കർഷകർ പങ്കെടുക്കുമെന്നാണ് വിവരം.
കാർഷിക മേഖലയെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക ഉയർത്തിയാണ് കർഷകർ കരാറിനെ എതിർക്കുന്നത്. ആഭ്യന്തര കർഷകരുടെ താൽപര്യങ്ങൾ സംരക്ഷിക്കണമെന്നും, കാർഷിക ഉൽപ്പന്നങ്ങളുടെ ഇറക്കുമതി സംബന്ധിച്ച വ്യവസ്ഥകളിൽ വ്യക്തത വരുത്തണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെടുന്നു. വൻ ജനപങ്കാളിത്തം പ്രതീക്ഷിക്കുന്നതിനാൽ ദില്ലിയിൽ സുരക്ഷയും ഗതാഗത നിയന്ത്രണങ്ങളും ശക്തമാക്കിയിട്ടുണ്ട്..















