ബോളിവുഡിലെ ശ്രദ്ധേയ സംവിധായകരിലൊരാളായ അനുരാഗ് കശ്യപ് തന്റെ വ്യക്തി ജീവിതത്തെക്കുറിച്ചും പങ്കാളി ശുഭ്ര ഷെട്ടിയുമായുള്ള ബന്ധത്തെക്കുറിച്ചും മനസ് തുറന്നിരിക്കുകയാണ്. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലാണ് ഇരുവരും പ്രണയത്തെയും ജീവിതത്തെയും കുറിച്ചുള്ള അനുഭവങ്ങൾ പങ്കുവെച്ചത്.
തന്നേക്കാൾ 23 വയസ് പ്രായം കുറഞ്ഞ ശുഭ്രയുമായുള്ള ബന്ധം പലപ്പോഴും വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നുവെന്ന് അനുരാഗ് പറഞ്ഞു.
പ്രായവ്യത്യാസം ഒരുകാലത്ത് തന്റെ ആത്മവിശ്വാസത്തെ പോലും ബാധിച്ചിരുന്നുവെന്നും, താൻ പ്രായമാകുമ്പോൾ ശുഭ്ര അതേപോലെ തുടരുന്നതായി തോന്നിയിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇതുമൂലം ബന്ധത്തിൽ നിന്ന് പിന്മാറാൻ വരെ ആലോചിച്ചിരുന്നുവെന്നും അനുരാഗ് പറഞ്ഞു. എന്നാൽ ശുഭ്രയുടെ കാഴ്ചപ്പാട് വ്യത്യസ്തമായിരുന്നു. സ്വന്തം വ്യക്തിത്വം കണ്ടെത്താനും സ്വതന്ത്രമായി വളരാനും അനുരാഗ് നൽകിയ പിന്തുണയാണ് ബന്ധത്തിന്റെ ഏറ്റവും വലിയ ശക്തിയെന്ന് അവർ പറഞ്ഞു. ജീവിതത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും വ്യക്തമായ ധാരണയുള്ള വ്യക്തിയായിരുന്നു അനുരാഗെന്നും, അതേസമയം സ്വന്തം തീരുമാനങ്ങൾ എടുക്കാനുള്ള സ്വാതന്ത്ര്യം അദ്ദേഹം തനിക്ക് നൽകിയിരുന്നുവെന്നും ശുഭ്ര വ്യക്തമാക്കി.
പ്രണയത്തിന്റെ തുടക്കകാലത്തെ ഒരു അനുഭവവും ഇരുവരും പങ്കുവെച്ചു. സത്യസന്ധമായി പ്രണയിക്കണമെന്നത് തന്റെ വലിയ ആഗ്രഹങ്ങളിലൊന്നായിരുന്നുവെന്ന് ശുഭ്ര പറഞ്ഞപ്പോൾ അത് അനുരാഗിനെ ആഴത്തിൽ സ്പർശിച്ചുവെന്നാണ് ഇരുവരും പറയുന്നത്. ആ നിമിഷം ജീവിതത്തിന് ഒരു പുതിയ അർഥം ലഭിച്ചതായി തോന്നിയെന്നും, അതിനുശേഷമാണ് ജീവിക്കാനുള്ള ആഗ്രഹം കൂടുതൽ ശക്തമായതെന്നും അനുരാഗ് പറഞ്ഞു.
“ഒരുകാലത്ത് ജീവിതത്തോട് വലിയ താൽപര്യമില്ലായിരുന്നു. എന്നാൽ ഇന്ന് എനിക്ക് നഷ്ടപ്പെടുമോയെന്ന് ഭയപ്പെടുന്ന ഒരാൾ ജീവിതത്തിലുണ്ട്. അതുകൊണ്ടാണ് ഇപ്പോൾ മരിക്കാൻ ഭയമാകുന്നത്,” എന്ന അനുരാഗിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിലും ശ്രദ്ധ നേടുകയാണ്.
വിവാഹത്തെക്കുറിച്ചുള്ള ചോദ്യത്തിനും അദ്ദേഹം പ്രതികരിച്ചു. ശുഭ്രയ്ക്ക് വിവാഹം എന്ന ആശയത്തിൽ വലിയ വിശ്വാസമില്ലെന്നും, സന്തോഷത്തോടെ ഒരുമിച്ച് ജീവിക്കുകയാണ് ഇരുവർക്കും പ്രധാനമെന്നും അനുരാഗ് വ്യക്തമാക്കി. ഔപചാരികമായ ഒരു വിവാഹച്ചടങ്ങില്ലാതെയും തങ്ങളുടെ ബന്ധം മുന്നോട്ടുകൊണ്ടുപോകുന്നതിൽ ഇരുവരും സന്തുഷ്ടരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















