ബെയ്ജിങ്: സ്വന്തം വിവാഹച്ചടങ്ങിലേക്ക് അമ്മയെ ക്ഷണിക്കാതിരുന്നതിനെ തുടർന്ന് ഒരു ജീവനക്കാരനെ ജോലിയിൽ നിന്ന് പുറത്താക്കിയ ചൈനീസ് കമ്പനി ഉടമയുടെ നടപടി സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നു. കുടുംബമൂല്യങ്ങൾക്കും മാതാപിതാക്കളോടുള്ള ബഹുമാനത്തിനും പ്രാധാന്യം നൽകേണ്ടതിന്റെ ഉദാഹരണമായാണ് സംഭവം ഇപ്പോൾ വിലയിരുത്തപ്പെടുന്നത്.
ചൈനയിലെ ഹെനാൻ മൈനിംഗ് ക്രെയിൻ കമ്പനി ലിമിറ്റഡിന്റെ സ്ഥാപകയായ കുയി പെയ്ജുൻ ആണ് സംഭവം പൊതുവേദിയിൽ പങ്കുവെച്ചത്. കമ്പനിയിലെ ജീവനക്കാരുടെ മക്കൾക്കായി സംഘടിപ്പിച്ച വേനൽക്കാല ഇന്റേൺഷിപ്പ് പരിപാടിക്കിടെയായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.
വർഷങ്ങൾക്കുമുമ്പ് ഒരു ജീവനക്കാരന്റെ വിവാഹച്ചടങ്ങിൽ പങ്കെടുത്തപ്പോൾ, വരന്റെ അമ്മ ആഘോഷവേദിക്കു പുറത്തായി ഒറ്റയ്ക്കിരുന്നുവെന്ന് കുയി ശ്രദ്ധിച്ചു. തുടർന്ന് കാര്യം അന്വേഷിച്ചപ്പോൾ, അമ്മയുടെ രൂപത്തെക്കുറിച്ചുള്ള അപകർഷബോധം കാരണം ചടങ്ങിലേക്ക് ക്ഷണിച്ചില്ലെന്നായിരുന്നു ജീവനക്കാരന്റെ മറുപടിയെന്ന് അദ്ദേഹം പറഞ്ഞു.
മാതാപിതാക്കളെ അവഗണിക്കുന്ന സമീപനം അംഗീകരിക്കാനാകില്ലെന്ന് വിലയിരുത്തിയ കുയി, പിന്നീട് ജീവനക്കാരനെ സ്ഥാപനത്തിൽ നിന്ന് പുറത്താക്കാൻ തീരുമാനിച്ചു. ജോലി തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് ജീവനക്കാരൻ പിന്നീട് സമീപിച്ചെങ്കിലും തീരുമാനം മാറ്റാൻ അദ്ദേഹം തയ്യാറായില്ല.
അതേസമയം, വിവാഹത്തിൽ നിന്ന് മാറ്റിനിർത്തപ്പെട്ട അമ്മയ്ക്ക് കമ്പനിയുമായി ബന്ധപ്പെട്ട മറ്റൊരു വിഭാഗത്തിൽ ജോലി ലഭ്യമാക്കാൻ സഹായിച്ചതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
സംഭവം പുറത്തുവന്നതോടെ മാതാപിതാക്കളോടുള്ള ഉത്തരവാദിത്തം, കുടുംബബന്ധങ്ങളുടെ പ്രാധാന്യം, തൊഴിൽസ്ഥലങ്ങളിലെ മൂല്യങ്ങൾ എന്നിവയെക്കുറിച്ചുള്ള ചർച്ചകൾ ചൈനീസ് സമൂഹത്തിൽ വീണ്ടും സജീവമായിരിക്കുകയാണ്.















