കടകളിലോ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമുകളിലോ നിന്ന് സാധനങ്ങൾ വാങ്ങുമ്പോൾ ₹99, ₹199, ₹499, ₹999 എന്നിങ്ങനെയുള്ള വിലകൾ ശ്രദ്ധിച്ചിട്ടുണ്ടോ? എന്തുകൊണ്ടാണ് ₹100, ₹200, ₹500 പോലുള്ള പൂർണ സംഖ്യകൾക്ക് പകരം ഇത്തരം വിലകൾ നൽകുന്നത് എന്ന ചോദ്യത്തിന് പിന്നിൽ ഒരു ശക്തമായ മാർക്കറ്റിംഗ് തന്ത്രമുണ്ട്.
‘സിംഗിൾ പ്രൈസിംഗ്’ അഥവാ ‘സൈക്കോളജിക്കൽ പ്രൈസിംഗ്’ എന്നറിയപ്പെടുന്ന ഈ രീതിയിലൂടെ ഉപഭോക്താക്കളുടെ വാങ്ങൽ തീരുമാനത്തെ സ്വാധീനിക്കാനാണ് കമ്പനികൾ ശ്രമിക്കുന്നത്. ഇതിന്റെ പ്രധാന അടിസ്ഥാനം ‘ലെഫ്റ്റ്-ഡിജിറ്റ് ഇഫക്ട്’ എന്ന മനഃശാസ്ത്ര പ്രതിഭാസമാണ്.
ഒരു ഉൽപ്പന്നത്തിന്റെ വില ₹199 ആണെങ്കിൽ അത് ₹200-നേക്കാൾ ₹100-ന്റെ ശ്രേണിയിലാണെന്ന തോന്നലാണ് പലർക്കും ഉണ്ടാകുന്നത്. തലച്ചോർ സംഖ്യകളെ ഇടത് വശത്തുനിന്ന് വായിക്കുന്നതിനാലാണ് ആദ്യ അക്കത്തിന് കൂടുതൽ പ്രാധാന്യം ലഭിക്കുന്നത്. ഇതുവഴി വില കുറവാണെന്ന ധാരണ ഉപഭോക്താവിൽ രൂപപ്പെടുന്നു.
ഇതോടൊപ്പം, ₹499 പോലുള്ള വിലകൾ ഉപഭോക്താക്കൾക്ക് പ്രത്യേക ഓഫറോ കിഴിവോ ലഭിക്കുന്നതുപോലുള്ള അനുഭവവും നൽകുന്നു. ഒരു രൂപയുടെ മാത്രം വ്യത്യാസമുണ്ടെങ്കിലും ₹500-നേക്കാൾ വില കുറഞ്ഞതായി അത് മനസ്സ് വിലയിരുത്തുന്നു.
ചരിത്രം പരിശോധിക്കുമ്പോൾ, 19-ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ക്യാഷ് രജിസ്റ്ററുകൾ വ്യാപകമായതോടെയാണ് ഈ വിലനിർണയ രീതി പ്രചാരത്തിലായത്. ₹499 പോലുള്ള വിലകൾ നൽകുമ്പോൾ ബാക്കി തുക തിരികെ നൽകാൻ ക്യാഷ് രജിസ്റ്റർ തുറക്കേണ്ടി വരുന്നതിനാൽ എല്ലാ ഇടപാടുകളും രേഖപ്പെടുത്തപ്പെടുകയും പണത്തട്ടിപ്പ് കുറയുകയും ചെയ്തു.
മാത്രമല്ല, പല ഉപഭോക്താക്കളും ₹99 അല്ലെങ്കിൽ ₹199 എന്ന വിലയുള്ള ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ ബാക്കിയുള്ള ചെറിയ തുക ആവശ്യപ്പെടാതിരിക്കുകയും ചെയ്യാറുണ്ട്. ഇത്തരത്തിലുള്ള ചെറിയ തുകകൾ കൂടി ചേർന്നാൽ വലിയ റീട്ടെയിൽ സ്ഥാപനങ്ങൾക്ക് ഗണ്യമായ വരുമാനമാകുന്നുവെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
അതുകൊണ്ട് അടുത്ത തവണ ₹99 അല്ലെങ്കിൽ ₹199 എന്ന വില കാണുമ്പോൾ, അത് വെറും ഒരു രൂപയുടെ കുറവല്ലെന്നും നിങ്ങളുടെ മനസിനെ സ്വാധീനിക്കാൻ രൂപകൽപ്പന ചെയ്ത ഒരു മാർക്കറ്റിംഗ് തന്ത്രമാണെന്നും ഓർക്കുക.















