നടി മഞ്ജു പിള്ളയുടെ മകൾ ദയയുടെ വസ്ത്രധാരണത്തെ വളരെ മോശമായ ഭാഷയിലാണ് യുട്യൂബർ ഷെഫീന ബീവി പറഞ്ഞത്. പഴയ അമ്മായിമാരുടെ ഡിജിറ്റൽ പതിപ്പാണ് ഷെഫീനയെന്ന് സീരിയൽ താരം സരിത ബാലകൃഷ്ണൻ പറയുന്നുണ്ട്. താരത്തിന്റെ വാക്കുകൾ ഇതാണ്, സംസ്കാര സംരക്ഷകയായ വ്യൂസ് തിന്നാൻ കൊതിക്കുന്ന ബീവി… ലോകം ചൊവ്വാഗ്രഹത്തിൽ കോളനി സ്ഥാപിക്കുന്നതിനെക്കുറിച്ചും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മനുഷ്യന്റെ പണി കളയുന്നതിനെക്കുറിച്ചും ആകുലപ്പെടുമ്പോൾ നമ്മുടെ നാട്ടിലെ ചില ബീവികൾ ഇപ്പോഴും ഇഞ്ചി കോലുമായി തുണിയുടെ നീളം അളക്കുന്ന തിരക്കിലാണ്.
അത്തരത്തിലൊരു പുണ്യപ്രവർത്തി ചെയ്ത് കയ്യടി വാങ്ങാൻ നോക്കിയതാണ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ഈ ബീവി. നടി മഞ്ജു പിള്ളയുടെ മകൾ ദയയുടെ വസ്ത്രധാരണത്തെക്കുറിച്ച് അവർ കാച്ചിവിട്ട മുത്തശ്ശിക്കഥകൾ കേട്ടാൽ തോന്നും നാടിന്റെ സംസ്കാരം മുഴുവൻ കാത്തുസൂക്ഷിക്കുന്നത് ഈ ഒരു മൊബൈൽ ക്യാമറയ്ക്കും റിങ് ലൈറ്റിനും പിന്നിലിരിക്കുന്ന ഈ ബീവിയാണെന്ന്.
സ്വന്തം വീട്ടിലെ കാര്യങ്ങൾ നോക്കാൻ സമയമില്ലെങ്കിലും അയൽപക്കത്തെ കുട്ടി എന്ത് ഉടുത്തു, എങ്ങോട്ട് നടന്നുവെന്ന് ജനലിലൂടെ നോക്കി കുശുമ്പ് പറയുന്ന പഴയ അമ്മായിമാരുടെ ഡിജിറ്റൽ പതിപ്പാണ് ഇത്തരം ബീവികൾ. പണ്ടൊക്കെ ഇത് നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങിയിരുന്നെങ്കിൽ ഇന്നത് ഫേസ്ബുക്ക് ലൈവ് വഴി നാലുലക്ഷം പേരെ കാണിക്കുന്നുവെന്ന് മാത്രം.















