ഇന്റർനെറ്റുമായി ബന്ധിപ്പിച്ചിരിക്കുന്ന വാഹനങ്ങളുടെ സോഫ്റ്റ്‌വെയർ സൈബർ കുറ്റവാളികളുടെ ലക്ഷ്യമാകാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. വാഹന ഉടമകളുടെ വ്യക്തിഗത വിവരങ്ങൾ മോഷ്‍ടിക്കൽ, വാഹന സംവിധാനങ്ങളിൽ അനധികൃത പ്രവേശനം, ഡിജിറ്റൽ നിയന്ത്രണങ്ങളിൽ കൃത്രിമം കാണിക്കൽ തുടങ്ങിയ അപകടസാധ്യതകളാണ് പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. സിഎൻബിസി റിപ്പോർട്ട് പ്രകാരം, ഇത് വെറും വിവരസുരക്ഷാ പ്രശ്‍നം മാത്രമല്ല. ഒരു ഹാക്കർ വാഹനത്തിന്റെ നിർണായക നിയന്ത്രണ സംവിധാനങ്ങളിലേക്ക് പ്രവേശനം നേടിയാൽ അത് സുരക്ഷാ പ്രശ്‍നങ്ങൾക്കും ദേശീയ സുരക്ഷാ ആശങ്കകൾക്കും കാരണമാകാം.
നോർവേയിൽ നടത്തിയ ഒരു അന്വേഷണത്തിൽ ഒരു ബസിന്റെ ബാറ്ററി, പവർ സിസ്റ്റം തുടങ്ങിയ ഘടകങ്ങൾ മൊബൈൽ നെറ്റ്‌വർക്ക് വഴി ആക്‌സസ് ചെയ്യാൻ കഴിയുമെന്ന് കണ്ടെത്തിയതായി റിപ്പോർട്ടുകൾ വന്നിരുന്നു. സാങ്കേതികമായി, വാഹനത്തിന്റെ ചില പ്രവർത്തനങ്ങൾ വിദൂരമായി നിയന്ത്രിക്കാൻ കഴിയുന്ന സാഹചര്യം ഉണ്ടാകാമെന്നായിരുന്നു വിലയിരുത്തൽ. ഈ കണ്ടെത്തലിന് പിന്നാലെ ബ്രിട്ടൻ, ഡെൻമാർക്ക് തുടങ്ങിയ രാജ്യങ്ങളും ഒടിഎ സാങ്കേതികവിദ്യയുടെ സുരക്ഷയെക്കുറിച്ച് പരിശോധനകൾ ആരംഭിച്ചു.















