ലോകകപ്പ് ഫുട്ബോള്‍ കാണാന്‍ അമേരിക്കയില്‍ എത്തിയിരിക്കുകയാണ് മോഹന്‍ലാല്‍. കഴിഞ്ഞ രണ്ട് സെമിഫൈനലുകളും കാണാന്‍ അദ്ദേഹം ഗാലറിയില്‍ എത്തിയിരുന്നു. ഇപ്പോഴിതാ അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്ന ഒരു ചിത്രം വൈറല്‍ ആയിരിക്കുകയാണ്. വെസ്റ്റേണ്‍ കൗബോയ് ഹെറ്റപ്പിലാണ് ചിത്രത്തില്‍ മോഹന്‍ലാല്‍. കൗബോയ് ഹാറ്റിനൊപ്പം എംബ്രോയ്ഡറിയുള്ള വൈറ്റ് ഫുള്‍ സ്ലീവ് ഷര്‍ട്ടുമാണ് അദ്ദേഹം ധരിച്ചിരിക്കുന്നത്.
അവസാനം നടന്ന അര്‍ജന്‍റീന- ഇംഗ്ലണ്ട് മത്സരം കാണാന്‍ മോഹന്‍ലാലിനൊപ്പം ആന്‍റണി പെരുമ്പാവൂരും ഉണ്ടായിരുന്നു. മത്സരശേഷം അര്‍ജന്‍റീനിയന്‍ ആരാധകരുടെ ആഹ്ലാദപ്രകടനങ്ങള്‍ വീക്ഷിക്കുന്ന മോഹന്‍ലാലിന്‍റെ വീഡിയോയും ശ്രദ്ധ നേടിയിരുന്നു. അര്‍ജന്‍റീന- ഇംഗ്ലണ്ട് മത്സരം കാണാന്‍ ഫഹദ് ഫാസിലും എത്തിയിരുന്നു. വരുന്ന തിങ്കളാഴ്ച (20) ഇന്ത്യന്‍ സമയം അര്‍ധരാത്രി കഴിഞ്ഞ് 12.30 നാണ് ഫൈനല്‍ മത്സരം. അര്‍ജന്‍റീന സ്പെയിനിനെയാണ് നേരിടുന്നത്. ന്യൂയോര്‍ക്ക് ന്യൂജേഴ്സി സ്റ്റേഡിയത്തിലാണ് മത്സരം.















