മലയാള സിനിമ പ്രേമികൾ ഇരു കൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് മോളിവുഡ് ടൈംസ്. റിലീസിന് ശേഷവും മികച്ച പ്രേക്ഷക പ്രതികരണവും ഹൗസ്ഫുൾ ഷോകളുമായി മുന്നേറുന്ന ചിത്രം രണ്ടാം വാരത്തിലും തിയേറ്ററുകളിൽ ശക്തമായ സാന്നിധ്യം തുടരുകയാണ്. ബുക്ക്‌മൈഷോയിലെ ടിക്കറ്റ് ബുക്കിംഗുകളിലും ട്രെൻഡിംഗ് ലിസ്റ്റിലും ഇടംപിടിച്ച ചിത്രം യുവ പ്രേക്ഷകർക്കിടയിൽ വലിയ ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്.
ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമ്മിച്ച ഈ ചിത്രം സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന വ്യത്യസ്ത അവതരണശൈലിയിലൂടെ ശ്രദ്ധ നേടുന്നു. സിനിമയെന്ന സ്വപ്നവുമായി ജീവിക്കുന്ന വിനീത് മാധവൻ എന്ന യുവാവിന്റെ യാത്രയാണ് ചിത്രത്തിന്റെ പ്രമേയം. ഇതുവരെ കാണാത്ത ലുക്കിലും പ്രകടനശൈലിയിലുമെത്തിയ നസ്ലിന്റെ പ്രകടനത്തിന് മികച്ച കൈയടിയാണ് ലഭിക്കുന്നത്.
നസ്ലിൻ, സംഗീത് പ്രതാപ്, ഷറഫുദ്ദീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്ത മോളിവുഡ് ടൈംസ്, റിലീസിന് മുൻപേ തന്നെ വലിയ പ്രതീക്ഷകൾ സൃഷ്ടിച്ചിരുന്നു. ആ പ്രതീക്ഷകൾക്കൊത്ത് പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന അനുഭവമാണ് ചിത്രം സമ്മാനിക്കുന്നതെന്നാണ് പൊതുവായ അഭിപ്രായം.
‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’ എന്ന ചിത്രത്തിന് ശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് രാമു സുനിലാണ്. വിശ്വജിത്ത് ഒടുക്കത്തിൽ ക്യാമറ കൈകാര്യം ചെയ്തപ്പോൾ സംഗീതം ഒരുക്കിയത് ജേക്സ് ബിജോയ് ആണ്. എഡിറ്റിംഗ് നിർവഹിച്ചത് നിധിൻ രാജ് അരോളും സംവിധായകനും ചേർന്നാണ്. വിഷ്ണു ഗോവിന്ദ് സൗണ്ട് ഡിസൈനും മിക്സിംഗും നിർവഹിച്ചിരിക്കുന്നു.
മികച്ച സാങ്കേതിക മികവും പുതുമയാർന്ന അവതരണവും ശക്തമായ പ്രകടനങ്ങളും ചേർന്ന മോളിവുഡ് ടൈംസ് രണ്ടാം വാരത്തിലും പ്രേക്ഷക പിന്തുണ നേടി വിജയകരമായി മുന്നേറുകയാണ്. സോഷ്യൽ മീഡിയയിലും ബുക്ക്‌മൈഷോയിലും തുടരുന്ന ട്രെൻഡിംഗും തിയേറ്ററുകളിലെ മികച്ച പ്രതികരണവും ചിത്രത്തെ ഈ വർഷത്തെ ശ്രദ്ധേയ ഹിറ്റുകളിലൊന്നാക്കി മാറ്റുന്നുവെന്നാണ് വിലയിരുത്തൽ.















