തിരുവനന്തപുരം: കർക്കടക വാവുബലിയോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലയിലെ പ്രധാന ബലിതർപ്പണ കേന്ദ്രങ്ങൾക്ക് സമീപമുള്ള പ്രദേശങ്ങളിൽ മദ്യവിൽപ്പനയ്ക്ക് താൽക്കാലിക നിയന്ത്രണം. ആഗസ്റ്റ് 11 അർധരാത്രി മുതൽ ആഗസ്റ്റ് 12 ഉച്ചയ്ക്ക് 2 മണിവരെ തിരുവനന്തപുരം കോർപ്പറേഷൻ, വർക്കല മുനിസിപ്പാലിറ്റി, അരുവിക്കര, പെരുങ്കടവിള പഞ്ചായത്തുകൾ എന്നിവിടങ്ങളിലെ എല്ലാ മദ്യവിൽപ്പനശാലകളും അടച്ചിടാൻ ജില്ലാ ഭരണകൂടം ഉത്തരവിട്ടു.
കർക്കടക വാവുബലിക്കായി ആയിരക്കണക്കിന് ഭക്തർ തിരുവല്ലം, പാപനാശം, അരുവിക്കര, അരുവിപ്പുറം തുടങ്ങിയ കേന്ദ്രങ്ങളിലെത്തുന്ന സാഹചര്യത്തിലാണ് നടപടി. ജനത്തിരക്ക് കണക്കിലെടുത്ത് സുരക്ഷ ശക്തമാക്കുന്നതിനും ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനുമാണ് താൽക്കാലിക മദ്യനിരോധനം ഏർപ്പെടുത്തിയതെന്ന് അധികൃതർ അറിയിച്ചു.
വാവുബലി ചടങ്ങുകൾക്ക് എത്തുന്നവർക്ക് ആവശ്യമായ സൗകര്യങ്ങളും സുരക്ഷാ സംവിധാനങ്ങളും ഒരുക്കുന്നതിനുള്ള നടപടികൾ വിവിധ വകുപ്പുകൾ ചേർന്ന് പുരോഗമിക്കുകയാണെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.















