നസ്‌ലെൻ കലക്കിയെന്നും സിനിമാസ്നേഹികളായ എല്ലാവർക്കുമുള്ള കഥയാണ് ഇതെന്നുമാണ് പ്രതികരണങ്ങൾ വരുന്നത്. മലയാള സിനിമാലോകത്ത് ക്യാമറയ്ക്ക് പിന്നിൽ നടക്കുന്ന പല മോശം പ്രവണതകളുമാണ് ചിത്രം വരച്ചുകാട്ടുന്നത്. ചിരിച്ച മുഖങ്ങൾക്ക് പിന്നിലെ ചതിയും വഞ്ചനയുമെല്ലാം ചിത്രം കൃത്യമായി പറയുന്നു. കുട്ടിക്കാലം മുതൽ സിനിമ പാഷനായി കൊണ്ടുനടക്കുന്ന വിനീത് മാധവൻ നേരിടുന്ന പ്രതിസന്ധികളും അതെല്ലാം അയാളെ ഏത് തരത്തിലാണ് മാറ്റിമറിക്കുന്നത് എന്നുമെല്ലാം ചിത്രം രസകരമായി കാണിക്കുന്നു. ആ തരത്തിൽ കമിങ് ഓഫ് ഏജ് ചിത്രം കൂടിയാണ് മോളിവുഡ് ടൈംസ്.
നസ്‌ലെൻ ഉൾപ്പെടെയുള്ള താരങ്ങളുടെ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ പ്രധാന സവിശേഷത. സംഗീത് പ്രതാപ്, ഗോപികാ രമേഷ്, ഷറഫുദ്ദീൻ, അൽത്താഫ് സലിം, റോഷൻ ഷാനവാസ്, രാജേഷ് മാധവൻ, പ്രശാന്ത് അലക്‌സാണ്ടർ തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. ഇവർക്ക് പുറമെ അതിഥി താരങ്ങളായും ഒരുപിടി അഭിനേതാക്കൾ മോളിവുഡ് ടൈംസിൽ എത്തുന്നുണ്ട്. ഇതുവരെ ചെയ്ത സ്ഥിരം വേഷങ്ങളിൽ നിന്ന് മാറി വളരെ വ്യത്യസ്തമായ കഥാപാത്രമാണ് നസ്‌ലെന്റെ വിനീത് മാധവൻ.
സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറഞ്ഞ ഉദയനാണ് താരം പോലുള്ള സിനിമകളുടെ പട്ടികയിലേക്ക് മലയാളികളുടെ ഓർമകളിൽ നിറഞ്ഞ് നിൽക്കുന്ന സിനിമയായി മാറാൻ ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമിക്കുന്ന മോളിവുഡ് ടൈംസ് ഇന്ന് തിയേറ്ററിൽ എത്തി.‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’ എന്ന ചിത്രത്തിന് ശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത് രാമു സുനിലാണ്. നസ്‍ലെനൊപ്പം സംഗീത് പ്രതാപും ഷറഫുദ്ദീനുമാണ് ചിത്രത്തിലെ മറ്റ് രണ്ട് ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ക്യാമറ കൈകാര്യം ചെയ്യുന്നത് വിശ്വജിത്ത് ഒടുക്കത്തിൽ. സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയ്.















